രണ്ടായിരാമാണ്ടിലെ ഡിസംബര്‍ മാസത്തില്‍ ഹൈദരാബാദിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് കാവേരി അക്കയെ ഞാന്‍ ആദ്യമായ് കാണുന്നത്. ഇരുണ്ട നിറവും ആണൊത്ത ഉറച്ച ശരീരവും, തികഞ്ഞ സ്ത്രൈണഭാവവുമുള്ള കാവേരി അക്ക, അവിടെ പരിശീലനത്തിനായ് എത്തിയിരുന്ന എഴുപതോളം യുവതീ യുവാക്കളുടെയിടയിലും പത്തോളം പരിശീലകര്‍ക്കിടയിലും പെട്ടന്ന് തന്നെ വളരെ പോപ്പുലര്‍ ആയി.
എല്ലാവരോടും നന്നായി പെരുമാറാന്‍ കഴിയുന്ന, നേതൃത്വ ഗുണങ്ങളുള്ള കാവേരി അക്കയെ ആദ്യ ദിവസം തന്നെ ഞാനും ശ്രദ്ധിച്ചുവെങ്കിലും ഒന്നു ചിരിക്കുവാനുള്ള ധൈര്യം മാത്രമെ എനിക്ക് കിട്ടിയുള്ളൂ. കാരണം ബോംബയിലും ഡല്‍ഹിയിലും തെരുവില്‍ കൈകൊട്ടി കൈനീട്ടുന്ന കവേരിയക്കമാരെ പണ്ടേ 'പേടിക്കണം' എന്ന ഒരു ചിന്താഗതി എല്ലാവരെയും പോലെ എന്റെ മനസ്സിലും കയറിക്കൂടിയിരുന്നു. ഒരുപക്ഷെ ഒരു പരിഷ്കാരിയുടെ എന്തോ ഒരുതരം സഹതാപവും ഉണ്ടായിരുന്നിരിക്കണം.
എന്റെ നിര്‍വികാരമായ ചിരി കണ്ടിട്ടും എന്നോട് സ്നേഹാന്വേഷണം നടത്താന്‍ അക്ക താത്പര്യം കാണിച്ചു. വര്‍ഷങ്ങളോളം സമൂഹത്തില്‍ നിന്നുള്ള വെറുപ്പും ഒറ്റപെടലും സഹിച്ച അക്കയ്ക്ക് ഇതൊന്നും ഒരു കാര്യമില്ലായിരുന്നിരിക്കണം. നന്നായി തമിഴും, ഹിന്ദിയും കുറച്ചു തെലുങ്കും സംസാരിക്കുന്ന അക്ക, എന്നോട് തമിഴില്‍ സംസാരിക്കാന്‍ തുടങ്ങി.
വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും സംസാരിച്ച അക്കയില്‍ ഇടയ്ക്കിടെ വശ്യമായ പുഞ്ചിരി വിരിയുന്നത് ഞാന്‍ കണ്ടു. അതോ ചിലപ്പോള്‍ എനിക്ക് വെറുതെ തോന്നിയതാകാം. അക്ക പിന്നീട് പറഞ്ഞതുപോലെ ആണിന്റെയുള്ളില്‍, 'പെണ്‍വേഷം' കെട്ടിയ എന്തിനേയും കുറിച്ച് മിഥ്യാധാരണകളാണ് എന്നത് ചിലപ്പോള്‍ സത്യമായിരിക്കണം. രണ്ടാം ദിവസം ആയപ്പോഴേക്കും എന്റെ പേടി മാറിതുടങ്ങി. അറിയാവുന്ന തമിഴില്‍ ഞാനും അക്കയോട് സംസാരിച്ചു. അക്കയുടെ കൂട്ടുകാരേയും എനിക്ക് പരിചയപ്പെടുത്തി.
ആണായി പിറന്നിട്ടും സ്ത്രൈണത മുറ്റിനില്ക്കുന്നതിനാല്, പതിന്നാലാം വയസ്സില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും എതിര്‍പ്പും വെറുപ്പും കുറ്റപ്പെടുത്തലുകളും സഹിച്ച 'കാര്‍ത്തിക്' മദ്രാസില്‍ നിന്നും ഒളിച്ചോടിയെത്തിയത് ബോംബെയിലായിരുന്നു. വിശന്നപ്പോള്‍ അന്നം കൊടുത്തത് തന്നെപ്പോലെ തന്നെ വെറുക്കപ്പെട്ടവരും ആട്ടിപ്പുറത്താക്കപ്പെട്ടവരും മാത്രമാണ്. പിന്നീട് അവരോടൊത്ത് ആടിയും പാടിയും 'കാര്‍ത്തിക്' ആദ്യമായി ജീവിതം ആസ്വദിക്കാന്‍ തുടങ്ങി. അങ്ങിനെ കാര്‍ത്തിക് കവേരിയായി. കാവേരി പിന്നെ കാവേരി അക്കയും. തന്നെ നോക്കി വളര്‍ത്തിയ 'ഗുരു' അവള്‍ക്ക് അമ്മയും, കൂടെയുള്ളവര്‍ സഹോദരിമാരുമായി.
പാപം ചെയ്യാത്തവരുടെ നരകം പാപികളുടെ സ്വര്‍ഗമാണ്!. ആ സ്വര്‍ഗത്തില്‍ അവര്‍ ആടിത്തിമിര്ക്കുമ്പോള് പാപം ചെയ്യാത്തവര്‍ (അല്ലെങ്കില്‍ അങ്ങിനെ നടിക്കുന്നവര്‍) അവജ്ഞയോടെ, ആഞ്ഞ് കല്ലുകളെറിയുന്നു. ആ കല്ലുകള്‍ കൊണ്ടു പാപികള്‍ ജീവിത വിജയത്തിന്റെ അടിത്തറ പാകുന്നു. പകല്‍ മുഴുവന്‍ വേശ്യയെന്നും തെണ്ടിയെന്നും വിളിച്ചു കാര്ക്കിച്ചുതുപ്പുന്നവര് ഇരുളിന്റെ മറവില്‍ കാമാര്‍ത്തിയോടെ എത്തുന്നതും ചെറുപ്രായത്തില്‍ തന്നെ കവേരിയറിഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബോംബെയില്‍ നിന്നും ദക്ഷിണേന്ത്യയിലെ ഒരു ക്ഷേത്രനഗരത്തില്‍ എത്തിപ്പെട്ട അക്ക, തന്നെപ്പോലെ വേദനയനുഭവിക്കുന്നവരെ സഹായിക്കുന്ന ഒരു സംഘടനയില്‍ അംഗമാകുകയും, ഈ പരിശീലനത്തിന് എത്തുകയുമായിരുന്നു. പതിനാലു ദിവസ പരിശീലനം അവരുടെ ജീവിതത്തിലെ പരുക്കന്‍ യാഥാര്ഥ്യങ്ങളുടെയിടയില് നിന്നും ഒരു വലിയ ഒളിച്ചോട്ടമായിരുന്നു. അത് അവരെല്ലാം തന്നെ നന്നായി അസ്വദിക്കുന്നത് ഞാന്‍ കണ്ടു. ഈ ഒളിച്ചോട്ടം ഒരു ആഘോഷമാക്കാന്‍ അവരെല്ലാം തീരുമാനിച്ചത് പ്രകാരം വൈകിട്ട് അത്താഴം കഴിക്കുന്നതിന്റെ കൂടെത്തന്നെ ഹിന്ദിയിലും തെലുങ്കിലും ദ്രുത താളങ്ങളിലുള്ള തട്ടുപൊളിപ്പന്‍ സംഗീതവും ഏര്‍പ്പാടാക്കി. സംഗീതമുണ്ടെങ്കില്‍ നൃത്തം വരാതിരിക്കുമോ? ഇടയ്ക്ക് മുറിയില്‍ നിന്നും മദ്യം കഴിച്ചെത്തുന്ന നൃത്തക്കാര്‍ക്ക് അല്പം ആവേശം കൂടും. നൃത്തം ചെയ്യുന്നതിനിടെയിലും കാവേരി അക്ക ആരെയോ പരതുന്നതുപോലെ തോന്നി. അതോ അതും മുന്‍പ് പറഞ്ഞതുപോലെയുള്ള ഒരുതരം ദുഷ്ചിന്തയായിരുന്നോ? അറിയില്ല.
എല്ലാ ദിവസവും രാത്രിയില്‍ പാട്ടും നൃത്തങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. പലരും വാശിക്ക് നൃത്തം ചെയ്യാന്‍ തുടങ്ങി. അക്കയും കൂടെയുള്ള അഞ്ചാറു കൂട്ടുകാരും അവര്‍ കൈകൊട്ടുന്ന രീതികള്‍ എല്ലാവരെയും കാണിച്ചു പഠിപ്പിച്ചു. ചിലര്‍ നടന്മാരെയും നടികളെയും അനുകരിച്ചു കാണിച്ചു കൈയ്യടി വാങ്ങി. ആദ്യ ദിവസങ്ങളില്‍ ആരോടും മിണ്ടാതിരുന്നവരും, മദ്യപിച്ചു വഴക്കടിച്ചവരും, പരിശീലകരും എല്ലാവരും ഒരുമിച്ച പ്രതീതി.
അവസാനം എല്ലാവരും പിരിയാനുള്ള ദിവസത്തിന്റെ തലേന്നെത്തി. പാട്ടിലും നൃത്തത്തിലും പരിശീലകരും പങ്കെടുക്കണമെന്ന ന്യായമായ വ്യവസ്ഥ വച്ചു. കാവേരി അക്ക എന്നോടെന്തോ കൂടുതല്‍ അടുക്കാന്‍ വ്യഗ്രത കാണിക്കുന്നതായി തോന്നി. അതും സംശയമായിരിക്കാം. ബിയര്‍ നുണഞ്ഞു വെറുതെ നൃത്തം ചെയ്യുന്നതായി ഭാവിച്ച എന്നെ അക്ക വലിച്ചുകൊണ്ട് പോയി.
"എന്നാ സാര്‍ ഇത്, നീങ്ക ഡാന്‍സ് പണ്ണ മുടിയാതാ?" മദ്യം അല്പം കൂടുതല്‍ അകത്താക്കിയ അക്കയുടെ വശ്യമായ ചോദ്യം ഒരു പ്രണയിനിയുടേതായിരുന്നെന്നു മനസ്സിലാക്കാന്‍ വലിയ താമസം വന്നില്ല.
"ഇല്ലമ്മാ. ഉടമ്പ് ശരിയല്ല" മലയാളവും തമിഴും കലര്‍ത്തി ഞാന്‍ പറഞ്ഞു മാറാന്‍ നോക്കി.
"അയ്യയ്യോ! എന്നാ പ്രച്നം?" ഡാന്‍സ് ചെയ്യുന്നതിനിടയില്‍ അക്ക കൂടുതല്‍ തന്നോടടുക്കുന്നതായി തോന്നി.
"നീങ്ക റൊമ്പ നല്ല മനിതന്" അക്കയുടെ വാക്കുകള്‍ക്ക് വീണ്ടും ഒരു വല്ലാത്ത തീക്ഷ്ണത.
"സരി സരി. റൊമ്പ നന്ട്രി. എനിക്ക് നാളെ കാലത്തു ഫ്ലൈറ്റില്‍ പോകണം. തൂക്കം വരുന്നു"
വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന അക്കയെ ശ്രദ്ധിക്കാതെ മെല്ലെ ആരും കാണാതെ ഞാന്‍ മുറിയിലേക്ക് പോയി.
പിറ്റേന്ന് പ്രാതല്‍ നേരത്തെയാക്കി, രണ്ടു മണിക്കൂര്‍ ഹൈദരാബാദിലേക്ക് യാത്ര യാത്ര ചെയ്തു ഫ്ലൈറ്റ് പിടിക്കാനായി എഴുന്നേറ്റ് ഒരുങ്ങിക്കൊണ്ടിരുന്നപ്പോള്‍ കതകില്‍ ആരോ മുട്ടി. അലസമായി മുറി തുറന്നപ്പോള്‍ കാവേരി അക്ക രണ്ടു കൂട്ടുകാരുമോത്ത് വെളിയില്‍ നില്ക്കുന്നു.
"എന്നാക്കാ ഇത്ര രാവിലെ" ഞാന്‍ ചോദിച്ചു.
" സര് നീങ്ക എപ്പോ പോകിറേന്‍?" അക്കയുടെ മുഖത്ത് ദുഃഖ ഭാവം തളം കെട്ടി നില്ക്കുന്നു.
"എന്നാക്കാ? കൊഞ്ച നിമിഷത്തുക്കുള്ളില്" ഞാന്‍ പറഞ്ഞു.
"സാര്‍ മാഫ് കീജിയെഗാ"? അക്ക കരച്ചിലടക്കാന്‍ പാടു പെടുന്നുണ്ടായിരുന്നു.
എന്തോ വിഷമിച്ചിട്ടാകണം സ്വന്തം ഭാഷയുപയോഗിക്കാതെ ഹിന്ദിയില്‍ അക്ക പറയുന്നത്. ഞാന്‍ ഉദ്ദേശിച്ചു. അല്ലെങ്കിലും വളരെ വിഷമം വരുമ്പോള്‍ പലര്‍ക്കും മാതൃഭാഷയെക്കാള്‍ സംവദിക്കാന്‍ എളുപ്പം മറ്റു ഭാഷകളാണ്.
"സാര്‍ നീങ്ക റൊമ്പ നല്ല മനിതന്" അക്ക വീണ്ടും എന്തോ പറയാന്‍ ഭവിച്ചു. "കല് രാത്, മേം ആപ്കോ ധോക്കാ ദിയാ. ആപ് മേരാ ദോസ്ത് ഹേ."
എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ അല്പം വിഷമിച്ചു.
"കോയി ബാത്ത് നഹി. ആപ് മേരാ ദോസ്ത് ഹി രഹേഗാ"
അക്കയ്ക്ക് എന്തോ ഒരു ഉത്സാഹം വന്നതുപോലെ. പെട്ടന്നൊരു ചോദ്യം "സാര്‍ ഒരു കിസ്സ് പണ്ണുങ്കോ"
ഒരു കണ്ണടച്ചുകൊണ്ട് അക്ക പറഞ്ഞപ്പോള്‍ എന്തോ, ആദ്യം കണ്ട അതെ വശ്യതയും, കണ്ണില്‍ തീക്ഷ്ണതയും.....
ഞാന്‍ ആദ്യം ചെറുതായ് ഒന്നു ഞെട്ടി. കേട്ടഭാവം നടിക്കാതെ ഒരു ചെറിയ വളിച്ച ചിരിയും പാസ്സാക്കി തിരികെ മുറിയിലേക്ക് കയറി.
എല്ലാവരോടും യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ വീണ്ടും വീണ്ടും ആ വാക്കുകള്‍ കാതില്‍ മുഴങ്ങിക്കൊണ്്ടെയിരുന്നു.
"സാര്‍ ഒരു കിസ്സ് പണ്ണുങ്കോ"
അതില്‍ മറ്റൊരു അര്‍ത്ഥങ്ങളും ഇല്ലെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു.